ഗൗതം അദാനിക്കെതിരെ യു.എസിൽ കേസ്; അഴിമതി, കൈക്കൂലി ആരോപണങ്ങൾ

Spread the News

ന്യൂയോർക്ക്: അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിക്കെതിരെ യു.എസിൽ കേസ്. തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് ഗൗതം അദാനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ചയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്.

അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.

ഇൗ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും  മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, അദാനി ഗ്രൂപ്പ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഗൗതം അദാനി, സാഗർ അദാനി, ജെയിൻ എന്നിവർക്കെതിരെ സെക്യൂരിറ്റി തട്ടിപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. യു.എസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷൻ സിവിൽ കേസും അദാനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മറ്റുള്ള പ്രതികൾക്കെതിരെ വിദേശത്തുള്ള അഴിമതി തടയുന്നതിനുള്ള നിയമം, അഴിമതി നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ പ്രതികളിലാരും കസ്റ്റഡിയിലില്ലെന്നാണ് യു.എസ് അറ്റോണി ബ്രിയോൺ പീസ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *