പഴംപൊരി ഇനി കൂടുതൽ ക്രിസ്പിയാകും! നേന്ത്രപ്പഴം ഇങ്ങനെ വറുത്തെടുക്കൂ

പഴംപൊരി ഇനി കൂടുതൽ ക്രിസ്പിയാകും! നേന്ത്രപ്പഴം ഇങ്ങനെ വറുത്തെടുക്കൂ

Spread the News

ചായയ്ക്കൊപ്പം കഴിക്കാൻ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള പലഹാരങ്ങളിലൊന്നാണ് പഴംപൊരി. നല്ല പഴുത്ത നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന പഴംപൊരിയുടെ രുചി ഒന്നു വേറെ തന്നെയാണ്. വൈകുന്നേരത്തെ ചായസമയത്തും അതിഥികൾ വീട്ടിലെത്തുമ്പോഴും പെട്ടെന്ന് തയ്യാറാക്കാവുന്ന മികച്ചൊരു സ്നാക്ക് കൂടിയാണിത്. എന്നാൽ പതിവായി തയ്യാറാക്കുന്ന പഴംപൊരിയിൽ നിന്ന് അൽപ്പം വ്യത്യസ്തമായി പുറംഭാഗം നല്ല ക്രിസ്പിയും ഉള്ളിൽ മൃദുവുമായ രീതിയിൽ തയ്യാറാക്കിയാലോ?

വീട്ടിൽ പഴുത്ത പഴവും അൽപ്പം മൈദയും ബ്രെഡ് പൊടിയും മുട്ടയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈ വ്യത്യസ്തമായ പലഹാരം തയ്യാറാക്കാം. സാധാരണ പഴംപൊരിക്ക് നൽകുന്ന മാവിൽ മുക്കി വറുക്കുന്നതിന് പകരം മൈദ, മുട്ട, ബ്രെഡ് പൊടി എന്നിവയിൽ മുക്കിയാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഇത് പഴക്കഷ്ണങ്ങൾക്ക് നല്ല ക്രിസ്പിയായ പുറംപാളി നൽകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് തയ്യാറാക്കാൻ അധികം സമയമോ വലിയ പാചക പരിചയമോ ആവശ്യമില്ല. മജീത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ രുചികരമായ റെസിപ്പി പങ്കുവെച്ചിരിക്കുന്നത്.

ചേരുവകൾ

  • പഴം
  • മുട്ട
  • പഞ്ചസാര
  • ബ്രെഡ് പൊടിച്ചത്
  • മൈദ

തയ്യാറാക്കുന്ന വിധം

  • നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം.
  • ഒരു ബൗളിൽ മുട്ട പൊട്ടിച്ചത് ഉടച്ചു വെയ്ക്കാം.
  • മറ്റ് രണ്ട് പാത്രങ്ങളിലായി ബ്രെഡ് പൊടിച്ചതും, ഒരു ടേബിൾസ്പൂൺ മൈദയും എടുത്തു വെയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി പഴ കഷ്ണങ്ങൾ മൈദയിലും, മുട്ടയിലും, ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിൽ വറുത്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *